ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ 3.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. ഖാട്ടിമ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭുവന്‍ചന്ദ്ര കാപ്രിയോട് വന്‍ തോല്‍വി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധാമിക്ക് ഒരവസരം കൂടി നല്‍കാന്‍ ബി ജെ പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
70 അംഗ നിയമസഭയിലേക്ക് 47 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തിലേറുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചിരിക്കുന്നത്. പുഷ്‌കര്‍ സിംഗ് ധാമി കോണ്‍ഗ്രസിന്റെ ഭുവന്‍ചന്ദ്ര കാപ്രിയോട് 6000 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജയിച്ചുകയറാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ച നേതാവിനെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു.