ദില്ലി: ജന്മദിനത്തിന് ഒരു ദിവസം മുമ്പ് നേരിൽക്കണ്ടിട്ടും നരേന്ദ്രമോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ ആശംസ നേർന്നില്ല. അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് പുടിൻ. ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായി ഉച്ചകോടിയിലാണ് ഇരുനേതാക്കളും നേരിൽക്കണ്ടത്.
പ്രിയപ്പെട്ട സുഹൃത്തിന് നേരിട്ട് ജന്മദിനാശംസ നേരാഞ്ഞത് റഷ്യൻ ആചാരം അനുവദിക്കാത്തതുകൊണ്ടാണെന്നാണ് പുടിൻ പറയുന്നത്. “ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാം നാളെ (ശനിയാഴ്ച) പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ ജന്മദിനം ആഘോഷിക്കാൻ പോകുകയാണെന്ന്. റഷ്യൻ പാരമ്പര്യമനുസരിച്ച് മുൻകൂറായി ജന്മദിനാശംസ നേരാറില്ല. അതുകൊണ്ട് തന്നെ ഇന്ന് (വെള്ളിയാഴ്ച) താങ്കളെ നേരിട്ട് ആശംസിക്കാൻ എനിക്ക് സാധിച്ചില്ല. ഞങ്ങൾക്ക് ജന്മദിനത്തെക്കുറിച്ചറിയാമായിരുന്നു. എല്ലാ വിധ ആശംസകളും നേരുന്നു. അങ്ങയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് എല്ലാവിധ സമൃദ്ധിയും കൈവരട്ടെ എന്ന് ആശംസിക്കുന്നു”. പുടിൻ ഇന്നലെ രാത്രി വൈകി പറഞ്ഞു.