മോസ്കോ / കീവ്: യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ യുക്രൈന് നേരെയുള്ള സൈനിക നീക്കം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ, ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച് വീണ്ടും രംഗത്ത്. അതേസമയം, ക്രിസ്മസ് ദിനത്തിലും റഷ്യ, യുക്രൈന്‍ തലസ്ഥാനമായ കീവിന് നേരെ മിസൈല്‍ വര്‍ഷം തുടരുകയാണ്.
“സ്വീകാര്യമായ പരിഹാരങ്ങളെക്കുറിച്ച് ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുമായും ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്, പക്ഷേ അത് അവരെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നവരല്ല, അവരാണ്,”ഇന്നലെ നല്‍കിയ ഒരു അഭിമുഖത്തിൽ പുടിൻ റോസിയ 1 സ്റ്റേറ്റ് ടെലിവിഷനോട് ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസവും തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ യുക്രൈനാണ് തടസം നില്‍ക്കുന്നതെന്നും പുടിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ ആവശ്യമില്ലാത്തത് റഷ്യയ്ക്കാണെന്ന് അംഗീകരിക്കണമെന്നും പുടിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവരണമെന്നും സെലെന്‍സ്കിയുടെ ഉപദേശകന്‍ തിരിച്ചടിച്ചു.
“റഷ്യ ഒറ്റയ്ക്ക് യുക്രൈനെ ആക്രമിക്കുകയും ജനങ്ങളെ കൊല്ലുകയും ചെയ്യുന്നു, റഷ്യ ചർച്ചകൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഉത്തരവാദിത്തം ഒഴിവാക്കാൻ ശ്രമിക്കുന്നു,” മൈഖൈലോ പോഡോലിയാക് ട്വീറ്റ് ചെയ്തു. “റഷ്യയ്ക്ക് ഈ വർഷം സാധ്യമായതെല്ലാം നഷ്ടപ്പെട്ടു. … അധിനിവേശക്കാരെ പുതിയ തോൽവികളിലേക്ക് നയിക്കുന്നതിൽ നിന്ന് ഇരുട്ട് നമ്മെ തടയില്ലെന്ന് എനിക്കറിയാം. എന്നാൽ ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറായിരിക്കണം,” ക്രിസ്മസ് ദിനത്തിൽ ഒരു സായാഹ്ന വീഡിയോ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. യുക്രൈനിലെ ഉന്നത സൈനിക കമാൻഡിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഖാർകിവ് മേഖലയിലെ കുപിയാൻസ്ക് ജില്ലയിൽ 10 ലധികം റോക്കറ്റ് ആക്രമണങ്ങളാണ് ഇന്നലെ മാത്രമുണ്ടായത്. കുപിയാൻസ്ക്-ലൈമാൻ മേഖലയിലുള്ള 25 നഗരങ്ങളിൽ റഷ്യ ഷെല്ലാക്രമണം തുടരുകയാണെന്നും യുക്രൈന്‍ അവകാശപ്പെടുന്നു. വൈദ്യുതി നിലയങ്ങള്‍ക്ക് നേരെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രൈനിലെ ഭൂരിപക്ഷം പ്രദേശങ്ങളും ക്രിസ്മസ് ദിനത്തില്‍ ഇരുട്ടിലായിരുന്നുവെന്ന് വിവിധ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.