മോസ്കോ / കീവ് ∙ യുക്രെയ്നിന് എതിരെ സൈനിക നടപടി സ്വീകരിക്കാതെ മാർഗമില്ലായിരുന്നുവെന്നും ‘മഹത്തായ’ നേട്ടങ്ങൾ കൈവരിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെ യാത്രയുടെ 61–ാം വാർഷികാഘോഷത്തിനായി വോസ്ചോനി വിക്ഷേപണ കേന്ദ്രത്തിൽ എത്തിയ പുട്ടിൻ ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയും ഒപ്പമുണ്ടായിരുന്നു. ആഴ്ചകൾക്കു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട പുട്ടിന്റെ പ്രസംഗം ടിവിയിൽ സംപ്രേഷണം ചെയ്തു.
കിഴക്കൻ യുക്രെയ്നിലെ ഡോൺബാസിലെ റഷ്യൻ വംശജരുടെ വംശഹത്യ ഒഴിവാക്കുന്നതിനും റഷ്യൻ വിരുദ്ധ മനോഭാവം തടയുന്നതിനും ആണ് സൈന്യത്തെ അയച്ചത്. ലക്ഷ്യം വ്യക്തവും മഹത്തരവും ആണ്. നമ്മുടെ മുന്നിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ബുച്ചയിൽ കൂട്ടക്കൊല നടന്നുവെന്നത് വ്യാജവാർത്തയാണ്. ആധുനിക കാലത്ത് ആരെയും ഒറ്റപ്പെടുത്താൻ കഴിയില്ല. പാശ്ചാത്യശക്തികളുടെ ഉപരോധം തിരിച്ചടിക്കും– പുട്ടിൻ വ്യക്തമാക്കി.
അതേസമയം, റഷ്യയ്ക്ക് എതിരായ സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അഭ്യർഥിച്ചു. എല്ലാ റഷ്യൻ ബാങ്കുകളുമായുള്ള ഇടപാട് ഒഴിവാക്കാനും റഷ്യയിൽ നിന്നുള്ള എണ്ണ ബഹിഷ്കരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യ രാസായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നും ലിത്വാനിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
അതിനിടെ, തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ആക്രമണത്തിൽ ഇതുവരെ 21,000 പേരെങ്കിലും കൊല്ലപ്പെട്ടതായി മേയർ പറഞ്ഞു. റഷ്യൻ സൈന്യത്തിലെ ഹാക്കർമാർ വൈദ്യുതി ഗ്രിഡ് തകർക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതായി യുക്രെയ്ൻ പറഞ്ഞു.
ഇതേവരെ 3,30,000 പേർ അഭയാർഥികളായി എത്തിയതായി ജർമനി വ്യക്തമാക്കി. പ്രമുഖ ഫോൺ സേവന ദാതാക്കളായ നോക്കിയ റഷ്യൻ വിപണിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചു. ജപ്പാൻ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചു.