കൊല്ലം: പി.വി. അൻവറിന്റെ പ്രസ്താവന ഗാന്ധി കുടുംബത്തോടുള്ള ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊല്ലം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി അൻവറിന്റേത് നിലവാരമില്ലാത്ത പ്രസ്താവനയാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് പരാമർശമെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ നിലവാരവും വിട്ടുകൊണ്ടുള്ള പ്രചാരണമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്നത്. രാജ്യത്ത് ഭരണഘടനാ സംവിധാനങ്ങൾ ദുർബലപ്പെട്ടു. ബി.ജെ.പിയുമായി മുഖ്യമന്ത്രിയും സി.പി.എമ്മും സന്ധിചെയ്തു. വടകരയിലെ വീഡിയോ എവിടെ? പോസ്റ്ററും ആരും കണ്ടിട്ടില്ല. പൊലീസിന്റെ കെയിലും പോസ്റ്റർ ഇല്ല. ഇനി ഇടതു സ്ഥാനാർഥിയുടെ പി.ആർ.ടീം പോസ്റ്റർ ഇറക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയെന്ന് പിണറായി വിജയൻ. ഗാന്ധി കുടുംബത്തോടുള്ള ക്രൂരതയാണ് അൻവറിനെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിച്ചതെന്നും കസവ് കെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശൻ പരിഹസിച്ചു.
ചീറ്റിപ്പോയ പടക്കവുമായാണ് മുഖ്യമന്ത്രി ഇന്ന് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണോയെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? വിഴിഞ്ഞത്ത് സമരം നടത്തിയവരെ അർബൻ നക്സലുകൾ എന്നാണ് സർക്കാർ പറഞ്ഞത്. സംസ്ഥാന പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ലത്തീൻ സഭയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്.
അഞ്ചു കൊല്ലം മുമ്പ് വയനാട്ടിൽ ലീഗിന്റെ പതാക വിവാദമാക്കിയത് ബിജെപിയാണെങ്കിൽ അതിനുശേഷം ഇപ്പോൾ വിവാദമാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആവർത്തിച്ചു. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും കോൺഗ്രസ് നേടുമെന്ന് വി.ഡി സതീശൻ പറഞ്ഞു.