വിവാദങ്ങളേറെ കണ്ട 18 വർഷത്തിനൊടുവിൽ അമേരിക്കക്കാരായ ഗ്ലേസർ കുടുംബം വിൽക്കാനൊരുങ്ങുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിനെ വൻതുക നൽകി സ്വന്തമാക്കാൻ ഖത്തർ ഉടമകൾ. 75 കോടി പൗണ്ട് നൽകി 2005ൽ സ്വന്തമാക്കിയ ക്ലബാണ് കൈമാറാനൊരുങ്ങുന്നത്. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബുകളിലൊന്നിനെ എന്തുവില കൊടുത്തും ഏറ്റെടുക്കുമെന്ന് ഖത്തർ സംരംഭകർ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ബ്രിട്ടീഷ് സംരംഭകനായ ജിം റാറ്റ്ക്ലിഫ് അടക്കം വേറെയും അപേക്ഷകർ ഇതിനകം എത്തിയിട്ടുണ്ടെങ്കിലും ഉയർന്ന തുക നൽകി അതിവേഗം കൈമാറ്റം പൂർത്തിയാക്കാനാണ് ശ്രമം.
ഫ്രഞ്ച് ലീഗിൽ ഒന്നാമന്മാരായ പി.എസ്.ജിയുടെ ഉടമകളായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് പോലൊരു ഗ്രൂപാണ് നീക്കം നടത്തുന്നത്. ഒരേ സംരംഭകർ രണ്ടു ടീമിനെ എടുക്കുന്നത് പ്രശ്നമാകുമെന്നതിനാലാണ് മറ്റൊരു ഗ്രൂപ് എത്തുന്നത്.
2017ൽ യൂറോപ ചാമ്പ്യന്മാരായ ശേഷം ഒരു കിരീടം പോലുമില്ലാതെ പിറകിലായ യുനൈറ്റഡിന്റെ ഉടമസ്ഥത കൈമാറാൻ ആരാധകർ മുറവിളി ശക്തമാക്കിയിട്ട് ഏറെയായി. കഴിഞ്ഞ ഏപ്രിലിൽ ഇതേ ആവശ്യവുമായി ഓൾഡ് ട്രാഫോഡിൽ പ്രകടനവും നടന്നു. ഇത് കണക്കിലെടുത്താണ് ടീമിനെ വിൽക്കാൻ കഴിഞ്ഞ വർഷാവസാനം അമേരിക്കൻ ഉടമകൾ സന്നദ്ധത അറിയിച്ചത്.
600 കോടി പൗണ്ടാണ് ക്ലബിന് ഗ്ലേസർ കുടുംബം വിലയിട്ടിരിക്കുന്നത്. മറ്റു അധിക ബാധ്യത ഇനത്തിൽ 200 കോടി പൗണ്ട് കൂടി നൽകണം. ഇത്രയും നൽകാൻ ഒരുക്കമാണെന്ന് ഖത്തർ സംരംഭകർ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രിമിയർ ലീഗിൽ മികച്ച പ്രകടനവുമായി ആദ്യ സ്ഥാനങ്ങളിലുള്ള യുനൈറ്റഡ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിലും മുന്നിലാണ്.