ദോഹ: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത ചെമ്മീൻ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ വിപണിയിൽ നിന്നും വാങ്ങിയ പുതിയതും, ശീതീകരിച്ചതുമായ ചെമ്മീൻ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ഭക്ഷ്യമന്ത്രാലയം ലബോറട്ടറികളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ചെമ്മീനിൽ ആരോഗ്യത്തിന് ഹാനീകരമായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത മുഴവൻ ചെമ്മീനും പിൻവലിക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അവസാന മൂന്നു ദിവസത്തിനുള്ളിൽ മാർക്കറ്റുകളിൽ നിന്നും വാങ്ങിയ ചെമ്മീനുകൾ ഉപയോഗിക്കരുതെന്നും, കടകളിൽ തിരിച്ചേൽപിക്കാമെന്നും നിർദേശിച്ചു. അതേസമയം, ഇവ കഴിച്ചതിന്റെ അടിസ്ഥാനത്തിൽ അണുബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ചികിത്സ തേടണമെന്ന് അറിയിച്ചു.