യുക്രൈൻ : യുക്രൈൻ-റഷ്യ യുദ്ധത്തിനിടെ ക്വാഡ് ഉച്ചകോടി ഇന്ന്. ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രൈൻ-റഷ്യ വിഷയം ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ . ഓസ്‌ട്രേലിയയും ജപ്പാനും യുഎസും യുക്രൈനിലെ നടപടികളുടെ പേരിൽ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യക്കെതിരെ ഇന്ത്യ ഉപരോധ നയം സ്വീകരിച്ചിട്ടില്ല. തുടക്കത്തിൽ റഷ്യയുടെ നടപടികളെ വിമർശിക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. യുക്രൈനിലെ സംഘർഷമേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് കേന്ദ്രസർക്കാർ മുൻഗണ നൽകുന്നത്. എന്നിരുന്നാലും, പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം, യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും ഇന്ത്യയില്‍ തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നുമാണ് ഈ വിമാനങ്ങളെത്തുക.