റിയാദ്: എൽ.ഇ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് മദീനയിലെ ഖുബാ പള്ളിയിലെ വൈദ്യുത ദീപാലങ്കാര സംവിധാനം വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. പള്ളിയിലെ വെളിച്ചം വർധിപ്പിക്കുന്നതിനാണ് എൽ.ഇ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നതെന്ന് മദീന മുനിസിപ്പാലിറ്റി അറിയിച്ചു.
ഊർജ ഉപയോഗം കുറച്ചുകൊണ്ട് തന്നെ ലൈറ്റിങ് സൗന്ദര്യം വർധിപ്പിക്കുക എന്നതായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ ഏപ്രിലിലാണ് ഖുബാ പള്ളിയുടെയും പരിസര പ്രദേശങ്ങളുടെയും ഏറ്റവും വലിയ വിപുലീകരണവും വികസനവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ പ്രഖ്യാപിച്ചത്.
മസ്ജിദിന്റെ മൊത്തം വിസ്തീർണം നിലവിലുള്ളതിന്റെ 10 മടങ്ങ് അഥവാ 50,000 ചതുരശ്ര മീറ്ററായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പള്ളിയുടെ ലൈറ്റിങ് സംവിധാനങ്ങൾ നവീകരിച്ചിരിക്കുന്നത്. ചുറ്റും വിപുലമായ പാർക്കിങ് സംവിധാനത്തോടെയുള്ള വിപുലീകരണം പൂർത്തിയാകുന്നതോടെ 66,000 പേർക്ക് നമസ്കരിക്കാൻ ഇവിടെ സൗകര്യമുണ്ടാകും.