കൊച്ചി: കണ്ണൂർ ടൗൺ നവീകരണ പദ്ധതിയുടെ ഭാഗമായി മന്നാ ജങ്ഷൻമുതൽ പുതിയ ബൈപാസ് വരെയുള്ള റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാതെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി ശിപാർശയും സർക്കാർ അനുമതിയും റദ്ദാക്കിയ കോടതി ഇതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച വിജ്ഞാപനവും അസാധുവാക്കി. നിർദിഷ്ട പദ്ധതി പ്രദേശത്ത് വീടുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള ചിറക്കൽ അബ്ദുൽ മനാഫ് അടക്കം 16 പേർ നൽകിയ ഹരജി ഭാഗികമായി അനുവദിച്ചാണ് ഉത്തരവ്.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ 15ാം വകുപ്പിൽ പരാതിക്കാരെ കേൾക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭൂമി ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തണം.
അതത് പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യം അവർക്ക് അറിയാവുന്നതുകൊണ്ടാണ് ഇത്തരമൊരു നിബന്ധന. കോർപറേഷനിലെ പ്രതിനിധികൾ വിദഗ്ധ സമിതിയിലുണ്ടെന്നതിന്റെ പേരിൽ പഞ്ചായത്ത് പ്രതിനിധികളെ തഴഞ്ഞത് ചട്ടവിരുദ്ധമാണ്. അതിനാൽ ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്താതെ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ ശിപാർശ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് നിർദേശിക്കുന്നത് പ്രദേശത്ത് പദ്ധതി അനുയോജ്യമാണോയെന്നതടക്കം പരിഗണിക്കാനാണ്. അതിനായി പദ്ധതി ബാധിതരുടെ നിലപാടുകൾ ആരായേണ്ടതുണ്ട്. എന്നാൽ, പരിസ്ഥിതി ആഘാത പഠനവുമായി സഹകരിച്ചില്ലെന്നത് ന്യായീകരണമാക്കി ബാധിതരെ മുഴുവൻ കേൾക്കാതെ തീരുമാനമെടുക്കുന്നത് ചട്ട വിരുദ്ധമാണ്. അതിനാൽ, വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടും അംഗീകരിക്കാനാവില്ല. ഇത് അംഗീകരിച്ചതും ഇതിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചതും നിലനിൽക്കില്ലെന്ന ഹരജിക്കാരുടെ അഭിഭാഷകനായ പി.എ. മുഹമ്മദ് ഷായുടെ വാദം തുടർന്ന് കോടതി അനുവദിക്കുകയായിരുന്നു.
വിജ്ഞാപനമിറങ്ങിയാൽ പരാതി നൽകാൻ 60 ദിവസം കൊടുക്കാൻ നിയമം അനുശാസിക്കുമ്പോൾ, ചട്ടങ്ങളിലൂടെയും വിജ്ഞാപനങ്ങളിലൂടെയും അത് 15 ദിവസമായി വെട്ടിക്കുറക്കാൻ സർക്കാറിന് കഴിയില്ല. ശരിയായ രീതിയിലുള്ള നിയമനിർമാണം നടത്തണമെന്ന് കോടതി നിർദേശിക്കുന്നത് അനുചിതമാണ്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ നിയമ നിർമാണത്തിൽ സർക്കാർ ശ്രദ്ധ പാലിക്കേണ്ടതുണ്ട്.
നിയമപ്രകാരം വിദഗ്ധ സമിതിക്ക് രൂപം നൽകിയശേഷം ചട്ടപ്രകാരം നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടി സ്വീകരിക്കാവൂവെന്നും കോടതി വ്യക്തമാക്കി.