പുണെ: രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 38കാരന് വധശിക്ഷ. മഹാരാഷ്ട്രയിലെ പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ബാബൻ ഖട്കറിനാണ് പോക്സോ പ്രത്യേക കോടതി പ്രിൻസിപ്പൽ ജില്ല ജഡ്ജി വധശിക്ഷ വിധിച്ചത്.
ഫെബ്രുവരി 15ന് പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. പുണെയിലെ പാൻഷേത് പ്രദേശത്തായിരുന്നു സംഭവം. പെൺകുട്ടിയുടെ ശരീരത്തിൽ 11 കടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നതായും പ്രോസിക്യൂട്ടർ വിലാസ് പതാർ പറഞ്ഞു. സാഹചര്യത്തെളിവുകളുടേയും വിചാരണ സമയത്ത് സാക്ഷികൾ നൽകിയ മൊഴികളെയും അടിസ്ഥാനപ്പെടുത്തിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 17 സാക്ഷികളെ വിസ്തരിച്ചിരുന്നു. പോക്സോ നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചതെന്ന് കോടതി പറഞ്ഞു. മരണം വരെ പ്രതിയെ തൂക്കിലേറ്റണമെന്നും കോടതി നിർദേശിച്ചു.
സംഭവത്തിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരുന്നത്.വിധി സ്വാഗതാർഹമാണെന്ന് ജഡ്ജി സഞ്ജയ് ദേശ്മുഖ് പറഞ്ഞു. സാധാരണഗതിയിൽ ഇത്തരം കേസുകൾക്ക് ജീവപര്യന്തം തടവാണ് വിധിക്കാറെന്നും വധശിക്ഷാ വിധി ഒരു പാഠാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.