പങ്കജ് ഉധാസി ന്റെ മരണത്തോടെ ഹിന്ദി സിനിമ ഗാന മേഖലയിൽ ഒരു യുഗം അവസാനിക്കുകയാണ്. 1976 മുതൽ 1986 വരെ പത്തു വർഷത്തിനിടിയിൽ കാലയളവിൽ കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവർ മരണപ്പെട്ടപ്പോൾ ഹിന്ദി സിനിമയിൽ മുഖ്യമായി ഗായകരില്ലാത്ത സ്ഥിതിവിഷേശമുണ്ടായി.
ആ കാലഘട്ടത്തിലാണ് ഗസൽ തരംഗം വളർന്നത്. ഗസൽഗായകരും പിന്നണി ഗായകരും വേറെയും ഉണ്ടെങ്കിൽ കൂടി അന്നത്തെ കാലത്തെ ഏറ്റവും ജനപ്രീതിയുള്ള ഗായകൻ മുഹമ്മദ് റഫി തന്നെയാണെന്നുള്ളതിൽ ആർക്കും തർക്കമുണ്ടാവില്ല. സംഗീത ശാഖയിൽ പാശ്ചാത്യ വത്കരണം വന്നതോടെ ഗസലുകളുടെ പ്രിയം വളരെ കുറയുകയും ചെയ്തു. മുഹമ്മദ് റഫിയുടെ ഗസലുകളും ആ ഘട്ടത്തിൽ കുറഞ്ഞതായി കാണാം. ആ ഇടക്കാണ് പങ്കജ് ഉധാസിന്റെ വരവ്. അദ്ദേഹത്തിന്റെ ആദ്യത്തെ ഗസൽ ആൽബം റെക്കോർഡ് ചെയ്യുന്നത് ഓർമ ശരിയാണെങ്കിൽ 1980 ലാണ്. ആ വർഷം തന്നെയാണ് മുഹമ്മദ് റഫി മരിക്കുന്നത്.
അന്നു തൊട്ട് ഒരു ദശാബ്ദത്തോളം ഹിന്ദി സിനിമ സംഗീതത്തെയും ഗസൽ എന്ന ഹിന്ദി സംഗീത ശാഖയെയും നിലനിർത്തിപ്പോന്നത് ഒരു കൂട്ടം കലാകാരൻമാരാണ്. പങ്കജ് ഉധാസ് അതിൽ മുൻപന്തിയിലാണ്. ജഗ്ദിസ് സിങ്, ഒരളവോളം ഹരിഹരൻ, ഗുലാം അലി തുടങ്ങിയവരാണ്. ആ കാലഘട്ടത്തിൽ ഗസൽ സംഗീത ശാഖക്ക് വലിയ പ്രാമുഖ്യം ലഭിച്ചതായി കാണാം. ഇവക്കെല്ലാം പുറമെ മറ്റൊരു ഗുണമുണ്ടായത് ഉറുദു ഭാഷയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞതാണ്.
ഗസൽ സംഗീതം ഇഷ്ടപ്പെടുന്നവർ ഉറുദു ഭാഷയെയും അറിയാനും പഠിക്കനും ശ്രമം നടത്തുകയും ഉറുദുവിലേക്ക് ശ്രദ്ധ തിരിയുകയും ചെയ്തു. ലതാ മങ്കേഷിനെ പോലെ പങ്കജ് ഉധാസ് ഉറുദു പഠിച്ചാണ് അദ്ദേഹത്തിന്റെ ഗസലുകൾ പാടാൻ തുടങ്ങിയത്. ഗസൽ അതിന്റെ തനതായ ശൈലിയിൽ ആലപിക്കാൻ ഉറുദു ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്. അദ്ദേഹത്തിന്റെ ‘ചിട്ടി ആയേഹേ..’ എന്ന ഗാനം ഹിറ്റായതോടു കൂടി ഒട്ടനവധി ഹിന്ദി സിനിമകളിൽ ഗസലുകൾ വരാൻ തുടങ്ങി.
സഞ്ജയ് ദത്ത് നായകനായ നാം എന്ന ചിത്രത്തിലാണ് ആ ഗാനം. രണ്ടാമത് ഒരു തവണ കൂടി ഹിന്ദി സിനിമയിൽ ഗസലുകൾ സ്ഥാനം പിടിക്കാൻ തുടങ്ങി. ഗസൽ രാജാവ് എന്ന് അറിയപ്പെടുന്ന തലബ് മുഹമ്മദി ന്റെ ഒരു സുവർണകാലമുണ്ടായിരുന്നു. പിന്നീട് മുഹമ്മദ് റഫി ഏറ്റെടുത്തു. അതും കഴിഞ്ഞ് ഗസലുകൾ ഇല്ലാതായി. ഏറ്റവും ഒടുവിൽ പങ്കജ് ഉധാസിന്റെ കാലത്ത് അതിന് വീണ്ടും സ്വീകാര്യതയും ആസ്വാധകരും വീണ്ടും വന്നു.
പുതിയ ആൽബങ്ങളും പ്രോഗ്രാമുകളും വന്നു. പാകിസ്താനിൽ നിന്ന് ഗായകർ വന്നു. അതും കഴിഞ്ഞ് വീണ്ടും ഹിന്ദി സിനിമ തിരികെ പോയതാണ് വർത്തമാനകാല അനുഭവം. അതിന് കാരണക്കാർ അധികമില്ല, കുമാർസാനു എന്ന ഗായകന്റെ വരവായിരുന്നു പ്രധാനം. കവിത കൃഷ്ണമൂർത്തി അടക്കമുള്ളവരും ഇതിൽ വരും. ഇന്ന് ഗസലിന് നേരത്തെയുള്ള സ്വീകാര്യതയില്ല. കേരളത്തിൽ പങ്കജ് ഉധാസ് വരികയും പാടുകയും ചെയ്തിട്ടുണ്ട്. അത് കേൾക്കാൻ ഭാഗ്യം ലഭിച്ച എത്രയോ മലയാളികളുണ്ട്. പങ്കജ് ഉധാസിന്റെ വേർപാട് ഗസൽ സംഗീത ലോകത്തിനുണ്ടാക്കിയ നഷ്ടം വലുതാണ്.