ദില്ലി: ബീഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്ത സിബിഐ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കപിൽ സിബൽ. രാഷ്ട്രീയ അനീതിയാണ് സിബിഐ ചോദ്യം ചെയ്യലെന്ന് കബിൽ സിബൽ പറഞ്ഞു. കബിൽ സിബലിന്റെ അനീതിക്കെതിരെ പോരാടാനുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ഇന്‍സാഫ് കി സിപാഹി(നീതിക്കുവേണ്ടിയുള്ള വേദി)യെക്കുറിച്ച് എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി സ്വന്തമാക്കിയെന്ന കേസിലാണ് ആർജെഡി നേതാവ് റാബ്രി ദേവിയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയത്.
സിബിഐ റെയ്ഡിനെതിരെ പ്രതികരിച്ച കബിൽ സിബൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടികളെയൊന്നാകെ സംഘടിപ്പ് ബിജെപിക്കെതിരെ അണിനിരത്താൻ ഇൻസാഫിന് കഴിയുമെന്ന ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന പ്രതികരണത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ വേദിയാകാൻ തന്റെ പ്ലാറ്റ്ഫോമിന് കഴിയുമെന്നും പിന്തുണയ്ക്കുമെന്നും സിബൽ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ലോഞ്ച് നടന്നത്. ലോഞ്ചിനുശേഷം, കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ തലവൻ തേജസ്വി യാദവ്, മുൻ എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ആശംസകളുമായി രംഗത്തെത്തിയിരുന്നു. അതേസമയം, പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സഹകരിച്ചിരുന്നില്ല. എട്ട് പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട കത്തിൽ കോൺഗ്രസ് ഒപ്പിടാതെ മാറി നിൽക്കുകയായിരുന്നു. ഈ കത്തിന് പിറകെയാണ് റാബ്രി ദേവിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടക്കുന്നത്.
ആർക്കാണ് നീതിയെ എതിർക്കാൻ കഴിയുക? ഇൻസാഫിനെ എതിർക്കാൻ നരേന്ദ്ര മോദിക്ക് പോലും കഴിയില്ല. തനിക്കൊപ്പം ചേർന്ന് നീതിക്കായി നിലനിൽക്കാനും മോദിയെ അദ്ദേഹം ക്ഷണിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിക്കുവേണ്ടിയാണ് വേദി നിലകൊള്ളുന്നതെന്നും സിബൽ കൂട്ടിച്ചേർത്തു.
ഇൻസാഫ് എന്ന പേരില്‍ ഞങ്ങള്‍ ഒരു പുതിയ പ്ലാറ്റ്‌ഫോം തുടങ്ങുകയാണ്. ഇതില്‍ എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രാജ്യം മുഴുവന്‍ വ്യാപിക്കുന്ന പ്ലാറ്റ്‌ഫോം ആയിരിക്കും ഇത്. പ്ലാറ്റ്‌ഫോമിന്റെ മുന്‍നിരയില്‍ അഭിഭാഷകരും ഉണ്ടായിരിക്കും. ഇന്ത്യയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് തരുന്ന പ്ലാറ്റ്‌ഫോമാണിത്. ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ താന്‍ വിമര്‍ശിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അദ്ദേഹത്തെ നവീകരിക്കുകയാണെന്നും അടുത്തിടെ കബില്‍ സിബല്‍ പറഞ്ഞിരുന്നു.