ജയ്പൂർ: കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലെ റേഡിയന്റ് വാമർ (നവജാത ശിശുക്കളുടെ ശരീര താപനില കുറയാതെ സൂക്ഷിക്കുന്ന യന്ത്രം) അമിതമായി ചൂടായതിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. രാജസ്ഥാനിലെ ഭിൽവാരയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. 21 ദിവസം പ്രായമുള്ള പെൺകുട്ടി ബുധനാഴ്ചയും 10 ദിവസം പ്രായമുള്ള ആൺകുട്ടി വ്യാഴാഴ്ചയും മരിച്ചു. രണ്ട് കുട്ടികൾക്കും അമിത ചൂടേറ്റതിനെ തുടർന്ന് പൊള്ളലേറ്റു. നാൽപ്പതോളം കുഞ്ഞുങ്ങളാണ് എൻഐസിയുവിൽ ഉണ്ടായിരുന്നത്. മരണത്തെത്തുടർന്ന് പ്രതിഷേധവുമായി കുടുംബങ്ങൾ രംഗത്തെത്തി. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
മരിച്ച ശിശുക്കളിൽ ഒരാളുടെ അമ്മ വാമറിന്റെ സെൻസറിൽ അബദ്ധത്തിൽ സ്പർശിച്ചതാകാം അപകടകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഒരു കുഞ്ഞിന്റെ അമ്മ രാത്രിയിൽ തന്റെ കുഞ്ഞിന് പാലുട്ടാൻ എത്തിയിരുന്നു. താപനില നിയന്ത്രിക്കാൻ സഹായിക്കുന്ന വാമറിന്റെ സെൻസറിൽ അവർ അബദ്ധവശാൽ തൊട്ടിട്ടുണ്ടാകാമെന്നും അങ്ങനെയാകാം ചൂട് കൂടിയതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ഗൗർ അവകാശപ്പെട്ടു. കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സിംഗ് സ്റ്റാഫിനെ നീക്കി.
കുട്ടികളുടെ കുടുംബങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. കഴിഞ്ഞ ഏപ്രിലിൽ ബീവറിലെ സർക്കാർ ആശുപത്രിയിലെ റേഡിയന്റ് വാമറിന് തീപിടിച്ച് രണ്ട് ശിശുക്കൾ മരിച്ചിരുന്നു. തുടർന്ന് പഴക്കമുള്ള ഉപകരണങ്ങളെല്ലാം മാറ്റി പുതിയവ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. 2019 ഡിസംബറിൽ ആൽവാറിൽ നിന്ന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.