കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ അവസാന വർഷ വിദ്യാർഥികളായ രണ്ടു പേർ റാഗ് ചെയ്തെന്നാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്കായി ആന്റി റാഗിങ് കമ്മിറ്റി യോഗം ചേർന്നു.
കഴിഞ്ഞ ദിവസം രാത്രി ഒന്നാം വർഷ വിദ്യാർഥിയുടെ ഹോസ്റ്റലിലാണ് സംഭവം. റെക്കോർഡ് എഴുതി തരണമെന്ന് വിദ്യാർഥിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വിദ്യാർഥിയെ മർദിച്ചെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് വിദ്യാർഥിയുടെ രക്ഷിതാവ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാർ ഹോസ്റ്റലിലെത്തി വിവരങ്ങൾ അന്വേഷിച്ചു. കഴിഞ്ഞ മാർച്ചിൽ റാഗിങ് പരാതിയെ തുടർന്ന് 19 വിദ്യാർഥികളെ ക്ലാസിൽനിന്ന് മാറ്റി നിർത്തിയിരുന്നു. 4 മാസം കഴിയുന്നതിന് മുൻപേയാണ് വീണ്ടും റാഗിങ് നടന്നത്.