തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിനായി എ.എ.റഹീമും പി.സന്തോഷ് കുമാറും നാമനിർദേശപത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടേറിയെറ്റിലെത്തി വരണാധികാരി കവിത ഉണ്ണിത്താന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എൽഡിഎഫിലെ ഘടകകക്ഷി നേതാക്കളും സ്ഥാനാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു.
വലിയ ഉത്തരവാദിത്വം ആണ് പാർട്ടിയും മുന്നണിയും ഏൽപ്പിച്ചിച്ചിരിക്കുന്നതെന്നും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെൻ്റൽ പ്രവർത്തിക്കുമെന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട എ.എ.റഹീം പറഞ്ഞു. ഇടത് ആശയങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുമെന്നും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ രാജ്യസഭയുടെെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും സന്തോഷ് കുമാർ പറഞ്ഞു.
പത്രിക സമർപ്പണത്തിന് ശേഷം ഇരുവരും നിയമസഭാ സ്പീക്കറേയും കണ്ടു. കോൺഗ്രസ്സിൻറെ സീറ്റിലേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഈ മാസം 21 വരെ പത്രിക നൽകാൻ അനുവാദമുണ്ട്. മാർച്ച് 31 നാണ് തെരഞ്ഞെടുപ്പ്.