ദില്ലി: നാഷണല്‍ ഹെരാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇ ഡി മുദ്രവെച്ചതിനെതിരെ ലോകസഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് പ്രതിഷേധം. നരേന്ദ്രമോദിയെ ഭയക്കുന്നില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സഭ ചേരുന്നതിനിടെ തനിക്ക് ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്കിയെന്ന് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞു.
‘നരേന്ദ്രമോദിയെ ഭയക്കുന്നില്ല. ഭീഷണിക്ക് വഴങ്ങില്ല. ചെയ്യാവുന്നതൊക്കെ ചെയ്തോളൂ. തന്‍റെ കര്‍ത്തവ്യം രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുകയാണ്’- എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. മുദ്രാവാക്യം വിളികളുമായി എംപിമാർ ബഹളം തുടർന്ന സാഹചര്യത്തില്‍ ലോക്സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് ബഹളം തുടങ്ങി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെ സംസാരിച്ചതോടെ ഭരണപക്ഷവും ബഹളം വെച്ചു.
നിര്‍ത്തിവെച്ച സഭ പന്ത്രണ്ട് മണിക്ക് വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ചെയ്യാവുന്നതൊക്കെ കേന്ദ്ര സർക്കാരിന് ചെയ്യാമെന്നും രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുയെന്ന തന്‍റെ കര്‍ത്തവ്യവം തുടരുമെന്നും പാർലമെന്‍റിന് പുറത്താണ് രാഹുല്‍ഗാന്ധി പ്രതികരിച്ചത്.
സഭ ചേരുന്നതിനിടെ ഇന്ന് 12.30ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തനിക്ക് ഇ ഡി നോട്ടീസ് ആയച്ചതായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാർഗെ പറഞ്ഞു. മനോവീര്യം തകർക്കാൻ നോക്കേണ്ടെന്നും പോരാട്ടം തുടരുമെന്നും സർക്കാരിനെ വിമർശിച്ച് ഖാർഗെ പറഞ്ഞു. എന്നാല്‍ മറച്ചുവെക്കാൻ ഒന്നുമില്ലെങ്കില്‍ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തിനാണ് ഭയക്കുന്നതെന്ന് ബി ജെ പി പരിഹസിച്ചു. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അറസ്റ്റുണ്ടാകും എന്ന അഭ്യൂഹം ഇന്നലെ ശക്തമായിരുന്നെങ്കിലും തത്കാലം അതിന് നീക്കമില്ലെന്നാണ് ഇ ഡി വൃത്തങ്ങൾ നൽകുന്ന സൂചന.












