ഉത്തരാഖണ്ഡ് : തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് ഉത്തരാഖണ്ഡില്‍ പ്രചാരണത്തിനെത്തും. അല്‍മോറയിലെ സുഖാനി മൈതാനത്തില്‍ നടക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ മാസം ആദ്യം നടക്കാനിരുന്ന പ്രധാനമന്ത്രിയുടെ റാലി മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അല്‍മോറയിലും ഹരിദ്വാറിലും നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. ഇത് മൂന്നാം തവണയാണ് രാഹുല്‍ പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബി.ജെ.പിക്ക് മൂന്ന് പേരെ മുഖ്യമന്ത്രി പദവിയിലെത്തിക്കേണ്ടി വന്നിരുന്നു.
ജനങ്ങള്‍ക്കിടയില്‍ ഇത് സ്വാഭാവികമായ അതൃപ്തി വളര്‍ത്തിയിട്ടുണ്ട്. ഈ മൂന്നുപേരടക്കം ആറോളം പേരാണ് മുഖ്യമന്ത്രിപദവിയിലേക്ക് ഉറ്റുനോക്കി പ്രവര്‍ത്തിക്കുന്നത്. മൂന്ന് മുഖ്യമന്ത്രിമാരെ കണ്ട കഴിഞ്ഞ ടേം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയെ മാറ്റിയതെന്നും അതില്‍ കോണ്‍ഗ്രസ്സിനെന്ത് കാര്യം എന്നും സൂചിപ്പിക്കുന്ന തരത്തിലായിരുന്നു മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.
ആരാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് നല്‍കിയ മറുപടി, പാര്‍ട്ടിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നായിരുന്നു. ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നത് നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെയാണ്. ഇദ്ദേഹത്തിന്റെ ജനകീയമുഖത്തില്‍ പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞദിവസം ഉത്തരാഖണ്ഡിലെ പിതോറാഗഢില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പുഷ്‌കര്‍ സിങ്ങിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. ശ്രദ്ധ പൂര്‍ണമായും മുഖ്യമന്ത്രി ധാമിയിലേക്ക് എത്തിക്കുക എന്നതാണ് പാര്‍ട്ടിയുടെ നയം.