ദില്ലി: ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തൻ്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലളിതമായ ചോദ്യങ്ങളാണ് താൻ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ലക്ഷക്കണക്കിന് ജനം ഇന്ത്യയിലുടനീളം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതികൂല കാലാവസ്ഥകൾ അവഗണിച്ചായിരുന്നു യാത്രയിൽ ഉടനീളം ജനം അണിനിരന്നത്. കേരളത്തിലൂടെ നടന്നപ്പോൾ അസഹനീയമായ കാൽമുട്ട് വേദനയുണ്ടായി. മുൻപോട്ട് പോകാനാകുമെന്ന് കരുതിയില്ല. കോളേജ് കാലത്ത് ഫുട്ബോൾ കളിച്ചപ്പോഴുണ്ടായ പരിക്കായിരുന്നു കാരണം. ജനങ്ങളെ കേൾക്കണമായിരുന്നു. അതു കൊണ്ട് അത്തരം പ്രതിസന്ധികളെ അവഗണിച്ചു.
കൃഷി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, രാസവള ലഭ്യത ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉണ്ടെന്ന് കർഷകരോട് സംസാരിച്ചപ്പോൾ മനസിലായി. വിശപ്പും, ദാഹവുമൊക്കെ മറന്ന് ആയിരങ്ങൾ ഒപ്പം നടന്നു. കശ്മീരിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ ഇപ്പോൾ പ്രധാനമന്ത്രിക്ക് കഴിയുമോ? കശ്മീരിലെ യുവാക്കളുടെ ഹൃദയം കവർന്നത് കൊണ്ടാണ് തനിക്ക് അതിന് സാധിച്ചത്. കശ്മീരിലെ യുവാക്കൾ തീവ്രവാദികളല്ല.
ചൈനയുടെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതാണെന്നാണ് വിദേശകാര്യ മന്ത്രി പറയുന്നത്. സവർക്കർ സ്വീകരിച്ച നിലപാടിന് തുല്യമാണിത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതാണെന്നാണ് സവർക്കർ പണ്ട് പറഞ്ഞതെന്നും രാഹുൽ പ്രസംഗത്തിനിടെ വിമർശിച്ചു.