പ്രയാഗ‌്‌രാജ്: തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രസംഗം ഒഴിവാക്കി വേദി വിട്ടു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്‍റെ വമ്പൻ റാലിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. കോൺഗ്രസിന്‍റെയും എസ് പിയുടെയും പ്രവർത്തകർ വലിയ ആവേശത്തോടെയാണ് രാഹുലിന്‍റെയും അഖിലേഷിന്‍റെയും റാലിക്കെത്തിയത്. പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ ആദ്യം ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ വേദിക്കരികിലേക്കെത്തിയതോടെയാണ് രാഹുലും അഖിലേഷും പ്രസംഗം ഒഴിവാക്കി വേദിവിട്ടത്.
അതേസമയം രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കമുള്ള മണ്ഡലങ്ങൾ നാളെ ജനവിധി കുറിക്കുകയാണ്. 49 മണ്ഡലങ്ങളിലേക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കുക. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഗോദയിൽ 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് ഉള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ പോളിംഗ്. ജമ്മു കശ്മീരിൽ ബാരാമുള്ള മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. ഇന്നലെ നടന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.