ന്യൂഡൽഹി: ബി.ജെ.പിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് എ.എ.പി. അതുകൊണ്ടാണ് ഡൽഹി സർക്കാരിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ ഓർഡിനൻസിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് താമസിക്കുന്നതെന്നും എ.എ.പി വക്താവ് പ്രിയങ്ക കാക്കർ ആരോപിച്ചു.
”രാഹുൽ ഗാന്ധിയും ബി.ജെ.പിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് വിശ്വസ്തകേന്ദ്രങ്ങളിൽ നിന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഭരണഘടന വിരുദ്ധമായ ഓർഡിനൻസിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ അവർ താമസിക്കുന്നത്.”-എ.എ.പി വക്താവ് ചോദിച്ചു.
ഇക്കാര്യം പാർട്ടി പരിഗണിക്കുമെന്ന് പ്രതിപക്ഷ സംഗമത്തിനു മുമ്പായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു.
”പുറത്തുനിന്നുകൊണ്ട് ഓർഡിനൻസിനെ എതിർക്കുന്നത് കൊണ്ട് കാര്യമില്ല. പാർലമെന്റിനകത്താണ് അത് സംഭവിക്കേണ്ടത്. യോജിച്ചു പ്രവർത്തിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഇന്നത്തെ പ്രതിപക്ഷ സംഗമത്തോടെ അറിയാൻ സാധിക്കും.”-ഖാർഗെ കൂട്ടിച്ചേർത്തു. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ പ്രതിപക്ഷ സംഗമ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് നേരത്തേ എ.എ.പി മുന്നറിയിപ്പ് നൽകിയിരുന്നു.