ദില്ലി : ഗോവയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. നേരത്തെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇത്. പിന്നീട് പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഇത് നടപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എല്ലാ മാസവും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആറായിരം രൂപ വീതം അക്കൗണ്ടുകളിലേക്ക് നല്‍കുന്നതാണ് ന്യായ് പദ്ധതി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് ഇക്കാര്യം രാഹുല്‍ പ്രഖ്യാപിച്ചത്. അതാണ് ഗോവയിലും നടപ്പാക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും ന്യായ് പദ്ധതി നല്ല രീതിയില്‍ നടപ്പാക്കുന്നുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഗോവയില്‍ എത്തിയ സമയത്താണ് വമ്പന്‍ പ്രഖ്യാപനം രാഹുല്‍ നടത്തിയത്.
സങ്കേലിം മണ്ഡലത്തിലെ വെർച്വൽ റാലിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഈ ചടങ്ങില്‍ തന്നെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഗോവയിലെ മത്സരമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ‘അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ ന്യായ് പദ്ധതി നടപ്പാക്കും. ഇത് ചരിത്രപരമായ തീരുമാനമാണ്. ഒരു വര്‍ഷം ഒരു കുടുംബത്തിന് 72000 രൂപ അക്കൗണ്ടിലെത്തും. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുക. ബിജെപി ഗോവയില്‍ വന്‍ പരാജയമായിരുന്നു. ടൂറിസം മേഖല, കൊവിഡ് പ്രതിരോധം, തൊഴില്‍ മേഖല എല്ലായിടത്തും ബിജെപി സര്‍ക്കാര്‍ പരാജയമായി. ഞങ്ങളൊരിക്കലും കൂറുമാറി വന്നവര്‍ക്ക് ടിക്കറ്റ് നല്‍കില്ല. പുതിയ ആളുകള്‍ക്കാണ് ഇത്തവണ സീറ്റ് നല്‍കിയത്. വന്‍ ഭൂരിപക്ഷത്തോടെ തന്നെ ഇത്തവണ കോണ്‍ഗ്രസ് ഗോവയില്‍ അധികാരത്തിലെത്തും. ആരും വോട്ട് പാഴാക്കി കളയരുത്. പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും’ രാഹുല്‍ പറഞ്ഞു.
അതേസമയം രാഹുലിന്റെ സാന്നിധ്യത്തില്‍ ഇന്ന് നേതാക്കളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച ശേഷം കൂറുമാറില്ലെന്നാണ് പ്രതിജ്ഞ. നേരത്തെ നിരവധി നേതാക്കള്‍ ഇത്തരത്തില്‍ കൂറുമാറി ബിജെപിയിലേക്ക് അടക്കം പോയിരുന്നു. നേരത്തെ ഗോവയില്‍ ഭരണം വരെ നഷ്ടമാവാന്‍ കാരണം ഈ കൂറുമാറ്റമായിരുന്നു. ക്ഷേത്രത്തിലും, മുസ്‌ലിം പള്ളിയിലും, ക്രിസ്ത്യന്‍ പള്ളിയിലും ഞങ്ങള്‍ പ്രതിജ്ഞ ചെയ്തു. ഇപ്പോള്‍ പാര്‍ട്ടി നേതാവിന് മുന്നിലും ഞങ്ങള്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണെന്ന് സ്ഥാനാര്‍ത്ഥികള്‍ വ്യക്തമാക്കി. നേരത്തെ ഗോവയില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നു. പക്ഷേ അതില്‍ 15 എംഎല്‍എമാരും കൂറുമാറുകയായിരുന്നു.