കോഴിക്കോട്: ഇന്ത്യാ മുന്നണി സംവിധാനത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് കുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു എന്ന രാഹുലിന്‍റെ പ്രസ്താവന അപക്വമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ മർമ പ്രധാനമായ പോയിന്‍റിലേക്ക് കടക്കാൻ അവർക്ക് സാധിക്കാതെ വന്നു. മൃദുഹിന്ദുത്വ നിലപാടാണെന്നും ഗോവിന്ദൻ വിമർശിച്ചു. വടകരയിൽ യുഡിഎഫ് അശ്ലീലം ഉപകരണമാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതിന് പിന്നിൽ യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്പിൽ അറിയാതെ ആരും ഇത് ചെയ്യില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കണ്ണൂർ പ്രസംഗത്തെ വിമർശിച്ച് ഗോവിന്ദൻ നേരത്തെയും രംഗത്തെത്തിയിരുന്നു. സംഘപരിവാറിനൊപ്പമാണ് താനെന്ന് തെളിയിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ചോദിച്ചത്. മുൻപ് കെജ്‌രിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് കോൺഗ്രസ് ചോദിച്ചിരുന്നുവെന്നും എം വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു. രാഹുൽ വെറുതെ തെക്കും വടക്കും നടന്നിട്ട് കാര്യമില്ല. ആരെങ്കിലും എഴുതി കൊടുക്കുന്നത് വായിക്കുകയല്ല രാഹുൽ ചെയ്യേണ്ടത്. പിണറായിയെ ഏതു കേസിൽ അറസ്റ്റ് ചെയ്യണം എന്നാണ് രാഹുൽ പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.