ബെംഗളൂരു ∙ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനും സാധിക്കുമെന്നു മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘സ്വന്തം കാഴ്ചപ്പാടുകളോടെയാണ് രണ്ടു പേരും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. റിമോട്ട് കൺട്രോൾ എന്ന് ആരെങ്കിലും വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അത് സ്ഥാനാർഥികളെ അവഹേളിക്കുകയാണ്. ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയനാണ്. എല്ലാ ഭാഷകളും പാരമ്പര്യങ്ങളും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. അതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം. അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹമാണ്. വെറുപ്പും അക്രമവും പ്രചരിപ്പിക്കുന്ന ആർക്കുമെതിരെയും പോരാടും.‘‘ഞങ്ങൾ ഫാഷിസ്റ്റ് പാർട്ടിയല്ല. ചർച്ചകളെയും വിവിധ കാഴ്ചപ്പാടുകളെയും സ്വാഗതം ചെയ്യുന്നു. ബിജെപി രാജ്യത്തെ വിഭജിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ പ്രവർത്തനം രാജ്യത്തിന് ഒരിക്കലും ഗുണകരമാകില്ല. അതുകൊണ്ടാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്. ഞാൻ മാത്രമല്ല യാത്ര നടത്തുന്നത്. ലക്ഷക്കണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്. ബിജെപി ഉയർത്തുന്ന രാഷ്ട്രീയവും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ മടുപ്പിച്ചു’’– രാഹുൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, രൺദീപ് സുർജെവാല, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും ഒപ്പമുണ്ടായിരുന്നു. 22 വർഷത്തിനു ശേഷം ഒക്ടോബർ 17ന് ആണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. ഒക്ടോബർ 19ന് വോട്ടെണ്ണും. മല്ലികാർജുൻ ഖർഗെ, ശശി തരൂർ എന്നിവരാണ് മത്സരിക്കുന്നത്.