ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭ സെക്രട്ടറിയേറ്റിന് ഇന്ന് വീണ്ടും കത്തു നൽകും. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ലോക്സഭ സെക്രട്ടറിയേറ്റിന് കിട്ടിയ സാഹചര്യത്തിലാണിത്. ഇന്നലെ മല്ലികാർജ്ജുൻ ഖാർഗെയും അധിർ രഞ്ജൻ ചൗധരിയും സ്പീക്കറുമായി സംസാരിച്ചിരുന്നു. ഉത്തരവ് പരിശോധിച്ച് നടപടി എടുക്കും എന്നാണ് സ്പീക്കർ അറിയിച്ചത്.അയോഗ്യത നീക്കിയാൽ തിങ്കളാഴ്ച രാഹുലിന് സഭാ നടപടികളിൽ പങ്കെടുക്കാം. അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ പങ്കെടുക്കാനും സാധ്യതയുണ്ട്. ലോക്സഭ സെക്രട്ടറിയേറ്റ് ഇത് നീട്ടിക്കൊണ്ടു പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് ആലോചന. അതേസമയം, അയോഗ്യത നീങ്ങുന്ന രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തനായി മാറുകയാണ്.
നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി എന്ന നിലയിലേക്ക് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ദേശീയ അന്തരീക്ഷം മാറാൻ കോടതി ഉത്തരവ് ഇടയാക്കും. രാഹുലിനെ അദ്ധ്യക്ഷ സ്ഥാനത്ത് തിരികെ കൊണ്ടുവരണം എന്ന ആവശ്യം പാർട്ടിയിൽ ഇനി ഉയർന്നേക്കാനും സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോൺഗ്രസിനെ പിടിച്ചു കുലുക്കിയിരുന്നു. ഭാരജ് ജോഡോ യാത്രയിലുടെ രാഹുലിന്റെ പ്രതിച്ഛായ കൂട്ടാൻ പാർട്ടിക്കായതിന് ശേഷമാണ് തിരിച്ചടി നേരിട്ടത്.2024 ൽ നയിക്കാൻ നേതാവില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇന്ന് രാഹുലിന്റെ അയോഗ്യത നീക്കിയതോടെ കോൺഗ്രസ് വൻ ശക്തി നേടുകയാണ്. രാഹുലിന്റെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ നൽകിയ കേസ് രാഷ്ട്രീയ നീക്കമായിരുന്നുവെന്നതിൽ തർക്കമില്ല. അതിനെ ഓരോ കോടതിയിലായി നേരിട്ടാണ് രാഹുൽ ഗാന്ധി അയോഗ്യത നീക്കിയിരിക്കുന്നത്.ദില്ലിയിലെ വീട് ഒഴിയാനുള്ള നിർദ്ദേശം രാഹുൽ ഉടൻ അംഗീകരിച്ചു. അയോഗ്യനായിരിക്കുമ്പോഴാണ് രാഹുൽ കർണ്ണാടകയിൽ പാർട്ടിയുടെ പ്രചാരണത്തിൽ പങ്കെടുത്തത്. അവിടെ പാർട്ടി നേടിയ വിജയത്തിനു ശേഷവും രാഹുൽ അയോഗ്യനായിരിക്കുന്നതിനാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്രെ ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. രാഹുൽ എംപിയായി തിരികെ എത്തുന്നതോടെ കോൺഗ്രസിന് ഇനി ഇന്ത്യ സഖ്യത്തിലും മേൽക്കൈ കിട്ടും.