ദില്ലി: വിദേശ രാജ്യ സന്ദർശനങ്ങളിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിന് ദഹിച്ചിട്ടില്ലെന്നും താക്കൂർ പറഞ്ഞു. അമേരിക്കയിലെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ മോദിക്കെതിരെ രാഹുൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയിൽ രാഹുൽഗാന്ധി പരിഹസിച്ചു. ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥൻമാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചതെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താക്കൂർ രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, ലണ്ടൻ സന്ദർശനത്തിലും രാഹുൽ മോദിക്കെതിരെ വിമർശനുന്നയിച്ചിരുന്നു. ബിജെപിയെ വിമർശിച്ച രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്ന് ലോക്സഭയിലടക്കം ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.