ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ ഇക്കാര്യം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനാണ് രാഹുൽ നോട്ടീസ് നൽകിയത്. ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് രാഹുലിന്‍റെ നോട്ടീസ്.ലോക്സഭ നിർത്തിവെച്ച് ലഖിംപൂർ ഖേരിയിലെ കൂട്ടകൊലയെ കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ എത്രയും പെട്ടെന്ന് തൽസ്ഥാനത്ത് നിന്നും മാറ്റണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അനുമതി തേടി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് നിർണായക വെളിപ്പെടുത്തൽലുണ്ടായത്.
ആയുധ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്താൻ അനുവദിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാരം ദിവാകറാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ അപേക്ഷ നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ 13 പേർക്കെതിരെയും അധിക വകുപ്പുകൾ ചുമത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു.