വയനാട് : രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.
അതേസമയം, ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതിനിടെ ഇന്നലെ
ബത്തേരിയിൽ ബഫർസോൺ വിരുദ്ധ റാലി രാഹുൽ ഗാന്ധി നയിച്ചു. പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയത്. ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആശയങ്ങളിൽ തന്നെ അക്രമമുണ്ട്. അക്രമങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനാണ് ഇരു കൂട്ടരുടെയും ശ്രമം.