കൽപറ്റ: വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിനെതിരെ കൽപറ്റയിൽ കോൺഗ്രസിന്റെ വൻമാർച്ച്. കൽപറ്റ ടൗണിലേക്ക് നടത്തിയ മാർച്ചിൽ കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, രമ്യഹരിദാസ്, വി.ടി.ബൽറാം, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധൻ, ഷാഫി പറമ്പിൽ, കെ.സുധാകരൻ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കുന്നു.
എംപി ഓഫിസിനു മുന്നിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ക്ഷമ നശിച്ചാൽ ഒരൊറ്റ സിപിഎമ്മുകാരനും പുറത്തിറങ്ങി നടക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. എതിർക്കാനും തിരിച്ചടിക്കാനും കോണ്‍ഗ്രസിന് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ നിശ്ശബ്ദത വെടിയണമെന്ന ആവശ്യമുന്നയിച്ച് വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്തത്. കേസിൽ ഇതുവരെ 25 പേര്‍ അറസ്റ്റിലായി.