ഹൈദരാബാദ്: മൂന്നുദിവസത്തെ ദീപാവലി ബ്രേക്കിനു ശേഷം തെലങ്കാനയിലെ മഖ്താൽ ജില്ലയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. വ്യാഴാഴ്ച ഗ്രാമീണർക്കൊപ്പം ഡ്രം കൊട്ടിയാണ് രാഹുൽ ഗാന്ധി യാത്ര പുനരാരംഭിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാത്ര തുടങ്ങിയിട്ട് 50 ദിവസമായി. തെലങ്കാനയിലെ കർഷകരുമായി രാഹുൽ സംഭാഷണം നടത്തും.
വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മഖ്താലിൽ നിന്ന് ജോഡോ യാത്ര പുനരാരംഭിച്ചത്. യാത്രക്കിടെ നാലു സംസ്ഥാനങ്ങളിലെ 18 ജില്ലകളിലായി 1230 കിലോമീറ്റർ താണ്ടിയത്. തമിഴ്നാടും കേരളവും ആന്ധ്രപ്രദേശും കർണാടകവും പിന്നിട്ട ശേഷമാണ് യാത്ര തെലങ്കാനയിലെത്തിയത്. 11 ദിവസം കൊണ്ട് തെലങ്കാനയിലെ എട്ടു ജില്ലകളിൽ രാഹുൽ പര്യടനം നടത്തി. തെലങ്കാന കഴിഞ്ഞ് മഹാരാഷ്ട്രയിലേക്കാണ് യാത്ര പ്രവേശിക്കുക. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ജോഡോ യാത്ര തുടങ്ങിയത്.