ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ മോദിക്കെതിരായ പ്രസ്താവനകളിൽ രൂക്ഷവിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാഹുൽ ഉന്നയിക്കുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ അദ്ദേഹം നിരന്തരമായി ഉന്നയിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അദാനിക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് രാഹുൽ പറയുന്നുണ്ടെങ്കിൽ അത് ശരിയല്ല. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് നിരന്തരമായി കുറ്റവാളിയായി മാറുകയാണ് രാഹുൽ ഗാന്ധി. 2019 തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ ഇത് വീണ്ടും ആവർത്തിക്കുന്നു. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതിൽ നിന്നും ഒരു പാഠവും രാഹുൽ ഗാന്ധി പഠിച്ചിട്ടില്ലെന്നും നിർമല കുറ്റപ്പെടുത്തി.
കേരള സർക്കാർ അദാനിക്ക് അനാവശ്യമായി സഹായം ചെയ്തപ്പോൾ രാഹുൽ ഗാന്ധി ശബ്ദമുയർത്താതിരുന്നതിന്റെ കാരണമെന്താണെന്നും അവർ ചോദിച്ചു. സോളാർ പ്ലാന്റിനായി രാജസ്ഥാൻ സർക്കാർ അദാനിക്ക് അനാവശ്യ സൗകര്യം നൽകിയപ്പോഴും രാഹുൽ പ്രതികരിച്ചില്ല.
തളികയിൽ വെച്ചാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ കോൺഗ്രസ് സർക്കാർ അദാനിക്ക് നൽകിയത്. അത് ടെൻഡറിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇപ്പോൾ സി.പി.എം സർക്കാറും അദാനിക്ക് സഹായം നൽകുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഇതിനെതിരെ ശബ്ദമുയർത്താത്തത്. സോളാർ വൈദ്യുത പദ്ധതി മുഴുവനായി അദാനിക്ക് നൽകുകയാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ചെയ്തത്. ഇത് നിർത്തലാക്കാൻ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ശ്രമിക്കാതിരുന്നതെന്നും നിർമല സീതാരാമൻ ചോദിച്ചു.