പാലക്കാട്: കേന്ദ്ര സര്‍ക്കാറിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
സർവമേഖലകളെയും സർക്കാർ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ, തൊഴിൽ അവസരമോ, ചികിത്സാ സൗകര്യങ്ങളോ സാധാരണക്കാരനു കിട്ടുന്നില്ല. കോടിക്കണക്കിനു ചെറുപ്പക്കാർ തൊഴിലിനു വേണ്ടി അലയുകയാണെന്നും രാഹുൽ വിമർശിച്ചു. സർവകലാശാല ബിരുദങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത സാഹചര്യമാണു ഇപ്പോൾ.
വിലക്കയറ്റം നാടിനെ വലയ്ക്കുന്നു. ഇഷ്ടക്കാരുടെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. രണ്ടോ മൂന്നോ സമ്പന്നർ മാത്രമാണ് സർക്കാരിന് താല്പര്യമുള്ളവർ. അവരുടെ പ്രശ്നങ്ങളിൽ മാത്രമാണു സർക്കാരിന് വേവലാതി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി അവരിലേക്ക് ചുരുങ്ങുന്നു. രാജ്യത്തെ വാണിജ്യ മേഖലയെ നിയന്ത്രിക്കുന്നതും കേന്ദ്രത്തിന്റെ ഇഷ്ടക്കാർ തന്നെ, രാഹുൽ കൂട്ടിചേർത്ത്.
വായ്പ നൽകുന്നതിലെ വിവേചനത്തെ രാഹുൽ കുറ്റപ്പെടുത്തി ചെറുകിട വ്യവസായികൾക്കും സാധാരണക്കാർക്കും വായ്പ ലഭിക്കുന്നില്ലെങ്കിലും അതിസമ്പന്നർക്കു വായ്പ ലഭിക്കുന്നുണ്ട്. തെറ്റായ ജിഎസ്ടി നയവും നോട്ടുനിരോധനവും രാജ്യത്തെ പിന്നോട്ട് നടത്തുന്നു.
വിദ്വേഷവും വെറുപ്പും കൊണ്ട് രാജ്യത്തെ വിഭജിക്കുവാനാണ് ആർഎസ്എസ് താൽപര്യപ്പെടുന്നത്. ശ്രീനാരായണ ഗുരു സമ്മാനിച്ച ആശയങ്ങൾക്ക് അവർ വിലനൽകുന്നില്ല. സമാധാനത്തിന്‍റെ സന്ദേശവും വഹിച്ചു കൊണ്ടാണ് ജോഡോ യാത്രഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. ഈ യാത്രയുടെ ലക്ഷ്യം രാജ്യത്തിന്റെ ഐക്യം നിലനിർത്തുക എന്നതാണെന്നും എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് ജോഡോ യാത്ര മുന്നേറുമെന്നും രാഹുൽ പറഞ്ഞു.
പാലക്കാട് ജില്ലയിലെ പര്യടനം കൊപ്പത്തു പൂർത്തിയായി. രാവിലെ ഷൊർണൂരിൽ യാത്രയ്ക്ക് വൻ വരവേൽപ് ആണ് ഒരുക്കിയത്. രാഹുലിനെ കാണാന്‍ പാതയോരങ്ങളിൽ വൻ ജനവലി ഒത്തുകൂടി.