ഭോപ്പാല്‍: ആർഎസ്എസും ബിജെപിയും സീതാദേവിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. വെള്ളിയാഴ്ച മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുൻ കോൺഗ്രസ് അധ്യക്ഷന്‍റെ പ്രസ്താവന.
‘ജയ് സിയ റാം’ എന്ന് പറയാൻ ആർഎസ്എസ്-ബിജെപി നേതാക്കൾ വിമുഖത കാണിക്കുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്. ഒരു സ്ത്രീക്കും ആർഎസ്എസിന്റെ ഭാഗമാകാൻ കഴിയില്ലെന്നും ഗാന്ധി പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ബിജെപിക്കെതിരെ വിശ്വാസത്തില്‍ ഊന്നി രാഹുല്‍ ആരോപണം ഉന്നയിക്കുന്നത്.
“ബിജെപി നേതാക്കൾ ‘ജയ് ശ്രീറാം’ എന്നാണ് പറയുന്നത്. പക്ഷേ അവർ ഒരിക്കലും ‘ജയ് സിയ റാം’ എന്ന് പറയാത്തത് എന്തുകൊണ്ട്? ആർഎസ്എസും ബിജെപി നേതാക്കളും അവരുടെ ജീവിതം ശ്രീരാമന്റെ അതേ വികാരത്തിലല്ല ജീവിക്കുന്നത്. രാമൻ ആരോടും അനീതി കാണിച്ചിട്ടില്ല.
രാമൻ സമൂഹത്തെ ഒരുമിപ്പിച്ചു.രാമൻ എല്ലാവരേയും ബഹുമാനിച്ചു. ഭഗവാൻ രാമൻ കർഷകരെയും തൊഴിലാളികളെയും വ്യാപാരികളെയും സഹായിച്ചു. ആർ.എസ്.എസും ബി.ജെ.പി നേതാക്കളും അദ്ദേഹത്തിന്റെ ജീവിതരീതി സ്വീകരിക്കുന്നില്ല. അവരുടെ സംഘടനയില്‍ ഒരു സ്ത്രീ പോലുമില്ലാത്തതിനാൽ അവർക്ക് ‘ജയ് സിയാറാം’ പറയാൻ കഴിയില്ല” – രാഹുല്‍ ഗാന്ധി ആരോപിച്ചു.
“മധ്യപ്രദേശിലെ ഒരു പണ്ഡിറ്റ് എന്നോട് ഇത് പറഞ്ഞു സീതയ്ക്ക് അവരുടെ സംഘടനയിലേക്ക് വരാൻ കഴിയില്ല, അവർ സീതയെ നീക്കം ചെയ്തുവെന്ന്. അതിനാൽ എനിക്ക് എന്റെ ആർഎസ്എസ് സുഹൃത്തുക്കളോട് പറയുന്നു. സീതയെ അപമാനിക്കരുത്, ‘ജയ് ശ്രീറാം’, ‘ജയ് സിയ റാം’, ഹേ റാം’ മൂന്നും ഉപയോഗിക്കുക” – രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അതേ സമയം രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത് എത്തി. മേൽപ്പറഞ്ഞ പരാമർശങ്ങളിൽ പരിഹസിച്ച കേന്ദ്രമന്ത്രി ഹിന്ദുമതത്തിൽ പെട്ടെന്ന് രാഹുലിന് ‘താൽപ്പര്യം’ വന്നത് എന്താണെന്ന് ചോദിച്ചു. 2007ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ രാമന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തതാണ്. ഭഗവാൻ രാമനെക്കുറിച്ച് ബിജെപിയോട് സംസാരിക്കാന്‍ എന്താണ് അര്‍ഹതയെന്നും സ്മൃതി ഇറാനി ചോദിച്ചു.