വാഷിങ്ടൺ: ബിജെപിയെ എതിർക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേയെന്ന ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ന്യൂയോർക്കിലെ വാർത്താസമ്മേളനത്തിലാണ് ഇരു പാർട്ടികളേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചോദ്യമുയർന്നത്. ബിജെപിയെ എതിർക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേ എന്ന ചോദ്യത്തിന് മുസ്ലിം ലീഗ് മതേതരപ്പാർട്ടിയാണെന്നായിരുന്നു രാഹുലിന്റെ മറുപടി.
മുസ്ലിംലീഗ് കറകളഞ്ഞ മതേതര പാർട്ടിയാണ്. മതേതരമല്ലാത്തതായി ഒന്നും മുസ്ലിംലീഗിലില്ല. മുസ്ലിം ലീഗിനെക്കുറിച്ച് പഠിക്കാതെയാണ് ചോദ്യകർത്താവിന്റെ ചോദ്യം-രാഹുൽ ഗാന്ധി പറഞ്ഞു. അടുത്ത മൂന്ന് സംസ്ഥാനങ്ങളിൽ കർണാടകയിലെ വിജയം ആവർത്തിക്കും. പ്രതിപക്ഷ ഐക്യ ശ്രമങ്ങളിൽ നല്ല കാര്യങ്ങൾ സംഭവിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കോൺഗ്രസ് നടത്തും. മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കുമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും പ്രതിരോധ മേഖലയിൽ മാത്രമല്ല മറ്റു മേഖലകളിലും സഹകരണം വർധിപ്പിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.