ന്യൂഡൽഹി: പ്രവാചക നിന്ദയെത്തുടർന്ന് രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘‘ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ രാജ്യാന്തര തലത്തിൽ ദുർബലമായി. ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് നമ്മളെ ഒറ്റപ്പെടുത്തുക മാത്രമല്ല ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാടുകൾക്ക് കോട്ടം വരുത്തുകയും ചെയ്തു’’– രാഹുൽ ഗാന്ധി പറഞ്ഞു.
ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശമാണ് വിവാദമായത്. പ്രവാചകനെതിരായ പരാമർശം ഗൾഫ് രാജ്യങ്ങളിൽ കനത്ത പ്രതിഷേധത്തിനിടയാക്കി. ഇന്ത്യൻ ഉൽപന്നങ്ങൾക്കു ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തണമെന്നു സമൂഹമാധ്യമങ്ങളിൽ ആവശ്യമുയരുകയും ചെയ്തു.
അറബ് ലോകത്ത് ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലേക്കു വളർന്നതോടെ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടികളുമായി ബിജെപി ഇടപെട്ടു. വിവാദ പരാമർശം നടത്തിയ വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.