ന്യൂഡൽഹി: തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒഴിയുന്നു. രണ്ടു ട്രക്കുകളിലായി വീട്ടു സാധനങ്ങൾ മാതാവ് സോണിയ ഗാന്ധിയുടെ 10 ജനപഥിലുള്ള വീട്ടിലേക്ക് മാറ്റി. ഉടൻ തന്നെ രാഹുലും വസതി വിട്ടുപോകുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ രാഹുൽ ഗാന്ധിയോട് വീടൊഴിയാൻ ആവശ്യപ്പെട്ട് ലോക്സഭ ഹൗസിങ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദേശിച്ചിരുന്നത്. 2004ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ തുഗ്ലക് ലൈനിലെ ഈ വസതിയിലാണ് രാഹുല്‍ കഴിഞ്ഞിരുന്നത്. 2019ല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുലിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചിരുന്നു.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി ഈമാസം 20ന് വിധി പറയാനിരിക്കെയാണ് രാഹുൽ വീടൊഴിയുന്നത്. ഔദ്യോഗിക വസതി ഒഴിയാനാവശ്യപ്പെട്ട് മാര്‍ച്ച് 27നാണ് രാഹുലിന് കത്ത് നൽകിയത്. നേരത്തെ, എസ്.പി.സി സുരക്ഷ ഒഴിവാക്കിയതിനു പിന്നാലെ പ്രിയങ്ക ഗാന്ധിയോടും ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാൻ നിർദേശം നൽകിയിരുന്നു.