ബെംഗളൂരു: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടെ പ്രവർത്തകരോടൊപ്പം റോഡിൽ പുഷ് അപ്പെടുത്ത് രാഹുൽ ഗാന്ധി. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒരു കുട്ടിയും രാഹുൽ ഗാന്ധിയോടൊപ്പം പുഷ്-അപ്പെടുക്കാൻ കൂടെക്കൂടി. പുഷ് അപ്പെടുക്കുന്ന ചിത്രവും വീഡിയോയും രൺദീപ് സുർജേവാല സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. “ദ വൺ ആൻഡ് ടു ഹാഫ് പുഷ്അപ്സ്!” എന്ന അടിക്കുറിപ്പോടെയാണ് സുർജേവാല ചിത്രം പങ്കുവെച്ചത്. നേരത്തെ 75 കാരനായ സിദ്ധരാമയ്യയ്‌ക്കൊപ്പം രാഹുൽ ഗാന്ധി കൈപിടിച്ചോടുന്ന ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
പാർട്ടി പതാകയും പിടിച്ച് ഓടിയ ഡികെ ശിവകുമാറിനൊപ്പം രാഹുൽ ഗാന്ധി മത്സരവും നടത്തി. രാഹുൽ അമ്മ സോണിയാ ഗാന്ധിയുടെ ഷൂലേസ് കെട്ടുന്ന വീഡിയോയും വൈറലായിരുന്നു. കൊവിഡ് ബാധയ്ക്ക് ശേഷം സോണിയാ ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. 2016ൽ വാരാണസിയിൽ നടന്ന റോഡ്‌ഷോയിലാണ് അവർ അവസാനമായി പങ്കെടുത്തത്. സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര സെപ്റ്റംബർ 30നാണ് കർണാടകയിൽ പ്രവേശിച്ചത്. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റർ കാൽനടയായാണ് ജോഡോ യാത്ര കശ്മീരിലെത്തുക. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതാണ് മുദ്രാവാക്യം. ബിജെപിയുടെ ‘വിഭജന രാഷ്ട്രീയത്തിനെതിരെയാണ് യാത്രയെന്നാണ് കോൺഗ്രസ് പറയുന്നത്.
ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തപ്പെട്ട ദളിത് കുടുംബത്തെ ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കർണാടകയിലെ കോലാർ ജില്ലയിലെ ദളിത് കുടുംബത്തിനാണ് ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് 60000 രൂപ പിഴ ചുമത്തിയത്. കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം. അവർക്ക് നേരിടേണ്ടി വന്ന അപമാനത്തെയും അനീതിയെയും രാഹുൽ ഗാന്ധി അപലപിച്ചു. ഇത്തരം അനീതികൾ തുടച്ചുമാറ്റുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.