ബാംഗ്ലൂര്‍; കര്‍ണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി. അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരിനെയും രാഹുല്‍ കുറ്റപ്പെടുത്തി. ബെലഗാവിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. വിവിധ അഴിമതിക്കേസുകളിലെ പ്രതികളെ സംരക്ഷിക്കാനാണ് ബിജെപി ഭരിക്കുന്ന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ട് രാഹുല്‍ പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച കോളേജുകളില്‍ നിന്ന് ബിരുദം നേടിയിട്ടും ജോലി ലഭിക്കുന്നില്ലെന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ സംസ്ഥാനത്തെ യുവാക്കള്‍ എന്നോട് പറഞ്ഞു. തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കള്‍ക്ക് 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമക്കാര്‍ക്ക് 1,500 രൂപയും നല്‍കുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് (ബിപിഎല്‍) എല്ലാ മാസവും 10 കിലോ അരി സൗജന്യമായി നല്‍കുന്ന ‘അന്ന ഭാഗ്യ’ പദ്ധതി ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടകയിലെ സ്ത്രീകള്‍ക്കായി ‘ഗൃഹ ലക്ഷ്മി’ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഓരോ വീട്ടമ്മയ്ക്കും 1000 രൂപ വാഗ്ദാനം ചെയ്യുന്നു.