ഇംഫാൽ: മണിപ്പൂരിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനം പൊലീസ് തടഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. എന്നാൽ, പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച രാഹുൽ ഹെലികോപ്ടറിൽ ചുരാചന്ദ്പൂരിലെത്തി. സംഘർഷബാധിതർ താമസിക്കുന്ന ക്യാമ്പുകൾ സന്ദർശിക്കുകയാണ് രാഹുൽ. നാളെയും രാഹുൽ മണിപ്പൂരിലുണ്ട്.
രൂക്ഷമായ സംഘർഷമുണ്ടായ ചുരാചന്ദ്പൂരിലേക്കുള്ള യാത്രക്കിടെ ബിഷ്ണുപൂരിലാണ് രാഹുലിനെ പൊലീസ് തടഞ്ഞത്. വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മണിക്കൂറുകളോളം രാഹുലും സംഘവും ബിഷ്ണുപൂരിൽ തടയപ്പെട്ടു.
എന്നാൽ, യാത്ര നിർത്തിവെക്കാൻ രാഹുൽ തയാറായില്ല. തുടർന്നാണ് യാത്ര ഹെലികോപ്ടറിലേക്ക് മാറ്റാൻ തീരുമാനമായത്. തുടർന്ന് സംസ്ഥാന സർക്കാർ തന്നെ ഹെലികോപ്ടർ എത്തിക്കുകയായിരുന്നു. പൊലീസ് ഓഫിസർമാരും ഉന്നത ഉദ്യോഗസ്ഥരും രാഹുലിനൊരപ്പം ഹെലികോപ്ടറിലുണ്ടായിരുന്നെന്നാണ് വിവരം.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുലിനൊപ്പമുണ്ട്. ഇംഫാലിലേയും ചുരചാന്ദ്പൂരിലേയും ക്യാമ്പുകൾ സന്ദർശിക്കാനാണ് രാഹുലിന്റെ പദ്ധതി. നിലവിലെ പ്രതിസന്ധി സംബന്ധിച്ച് ചർച്ചചെയ്യാനും അക്രമബാധിതർക്ക് പിന്തുണ പ്രഖ്യാപിക്കാനുമാണ് രാഹുൽ മണിപ്പൂരിലെത്തിയത്.
സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000ഓളം പേർ കഴിയുന്നുണ്ട്. അക്രമത്തിൽ 100 ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഭൂരിപക്ഷമായ മെയ്തേയ് വിഭാഗക്കാർക്ക് ഗോത്ര പദവി നൽകാനുള്ള ഹൈകോടതി നിർദേശത്തിനെതിരെ മേയ് മൂന്നിന് പ്രധാനമായും കുക്കി വിഭാഗക്കാർ നടത്തിയ പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.