ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. പാർലമെന്റ് അംഗമാകാൻ രാഹുൽ യോഗ്യനല്ലെന്നാണ് വിമർശനം. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി രാജ്യസഭാ അധ്യക്ഷനെ അനുകരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്ത രാഹുലിൻ്റെ നടപടി വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്.
ഭരണഘടനാ പദവി വഹിക്കുന്ന ഒരാളെ പാർലമെന്റ് സമുച്ചയത്തിൽ ഒരു എംപി അവഹേളിക്കുമ്പോൾ അത് തടയുന്നതിന് പകരം വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമാണ് രാഹുൽ ചെയ്തത്. തീർത്തും ലജ്ജാകരമായ പ്രവർത്തിയാണ് കോൺഗ്രസ് നേതാവിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. രാഹുലാണ് കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് പറയപ്പെടുന്നു. പക്ഷേ അദ്ദേഹം എംപി സ്ഥാനത്തിന് പോലും യോഗ്യനല്ലെന്ന് വിജയവർഗിയ പറഞ്ഞു.
150 ഓളം എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തെയും വിജയവർഗിയ വിമർശിച്ചു. “പ്രക്ഷോഭം തെരുവിൽ നടത്തണം, നിർഭാഗ്യവശാൽ പ്രതിപക്ഷത്തിൽ നിന്നുള്ള ചിലർ പാർലമെന്റിനുള്ളിൽ പ്രക്ഷോഭം നടത്തുന്നു”-അദ്ദേഹം പറഞ്ഞു.