തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രതിഷേധ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്.കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിച്ചു. നാലുകേസുകളാണ് രാഹുലിന് എതിരെ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടു കേസുകളിൽ കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യ ഉപാധികൾ കോടതിയിൽ നൽകിയാൽ ഇന്നുതന്നെ പുറത്തിറങ്ങാം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണമെന്നാണ് ഉപാധി. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഡി.ജി.പി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 25,000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ വേണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജനുവരി ഒമ്പതിന് പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്.