തിരുവനന്തപുരം: നാടുവാഴുന്ന രാജാവാണെന്ന് കരുതുന്ന പിണറായി വിജയൻ കിരീടം താഴെ വെക്കണമെന്നും ജനങ്ങൾ പിന്നാലെയുണ്ടെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എട്ടുനാൾ നീണ്ട ജയിൽ വാസത്തിൽനിന്ന് മോചിതനായ ശേഷം ജയിലിന് പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ പ്രതികാര നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും രാഹുൽ പറഞ്ഞു.
സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലാണ് രാഹുലിനെ അറസ്റ്റ്ചെയ്തിരുന്നത്. ഈ കേസുകളിൽ ഇന്നലെയും ഇന്നുമായി ജാമ്യം ലഭിച്ചു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻ സ്വീകരണമാണ് യൂത്ത് കോൺഗ്രസ് ഒരുക്കിയത്. തുറന്ന വാഹനത്തിൽ ആനയിച്ചു. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, ഷാഫി പറമ്പിൽ എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ തുടങ്ങിയവർ രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.
നേരത്തെ, സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് അവശേഷിച്ച കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡി.ജി.പി ഓഫിസ് മാര്‍ച്ചിലെ കേസില്‍ കൂടി ജാമ്യം അനുവദിച്ച് ഇന്ന് വൈകീട്ട് 3.30ഒാടെ കോടതിയുടെ വിധിവരികയായിരുന്നു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണം. 25,000 രൂപ കെട്ടിവയ്ക്കുകയും വേണം.
ജനുവരി ഒന്‍പതിന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 20നു നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു നടപടി.