ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ശേഷിക്കെ കർണാടകയിൽ ചൂടുപിടിച്ച പ്രചാരണം. ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവസാന ദിനങ്ങളിൽ പ്രചാരണം നയിക്കുന്നതെങ്കിൽ കോൺഗ്രസിനായി രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും സജീവമായി രംഗത്തുണ്ട്.
ഞായറാഴ്ച ബംഗളൂരുവിലെത്തിയ രാഹുൽ ഗാന്ധി, ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നീല നിറത്തിലുള്ള ഹെൽമറ്റ് ധരിച്ച്, സ്കൂട്ടറിന്റെ പിന്‍സീറ്റിലിരുന്നായിരുന്നു യാത്ര. രണ്ടു കിലോമീറ്ററോളം സഞ്ചരിച്ച് രാഹുൽ താമസിക്കുന്ന ഹോട്ടലിലാണ് യാത്ര അവസാനിപ്പിച്ചത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നഗരത്തിൽ മെഗാ റോഡ് ഷോ നടത്തി. റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു. ശനിയാഴ്ച അദ്ദേഹം 13 മണ്ഡലങ്ങളിലൂടെ 26 കിലോമീറ്ററോളം റോഡ് ഷോ നടത്തിയിരുന്നു.
മേയ് പത്തിനാണ് കർണാടകയിലെ വോട്ടെടുപ്പ്. അഭിപ്രായ സർവേകളിൽ കോൺഗ്രസിനാണ് മുൻതൂക്കം. എന്നാൽ, എന്ത് വിലകൊടുത്തും അധികാരം നിലനിർത്താനുള്ള പ്രയത്നത്തിലാണ് ബി.ജെ.പി. മറ്റൊരു പ്രധാന കക്ഷിയായ ജെ.ഡി.എസും പ്രചാരണത്തിൽ സജീവമാണ്. 13നാണ് തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുക.