ഉദയ്പുർ : രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ. മാറിയ കാലത്ത് പാർട്ടിയെ നയിക്കാൻ രാഹുലിനേ കഴിയൂവെന്ന് ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു വി കെ ശ്രീകണ്ഠന്റെ പ്രതികരണം. ചിന്തൻ ശിബിരത്തോടെ പാർട്ടിയുടെ നിർവീര്യമായ മേഖലകൾ ഉണരണമെന്ന് അടൂർ പ്രകാശും തെറ്റായ പ്രവണതകൾ മാറണമെന്ന് ജെബി മേത്തറും പറഞ്ഞു. എഎപിയും ടിആർഎസുമായി സഖ്യം വേണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിർദേശമുയർന്നു. രാഹുൽ അധ്യക്ഷനായി തിരിച്ചെത്തണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആഗ്രഹമെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാലയും പറഞ്ഞിരുന്നു.
ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കമാകുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും.