തിരുവനന്തപുരം: ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയിൽ രാഹുൽഗാന്ധി പരിഹസിച്ചു.
ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥൻമാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചത്. ഭാരത് ജോഡോ യാത്ര തനിക്ക് വലിയ അനുഭവമായിരുന്നു. ഇന്ത്യ ഒരു ആശയത്തെയും തിരസ്കരിച്ചിട്ടില്ല. എൻആർഐക്കാർ ഇന്ത്യയുടെ അംബാസിഡർമാരാണ്. വനിത സംവരണ ബിൽ കോൺഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യകക്ഷികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചു.
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ബിൽ പാസാക്കും. ഭരണഘടനയിൽ ഇന്ത്യ എന്നത് യൂണിയൻ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ഈ ആശയത്തെയാണ് ആർഎസ്എസും ബിജെപിയും ആക്രമിക്കുന്നത്. അതുവഴി ഭരണഘടനയെയും ആക്രമിക്കുന്നു. വെറുപ്പിനെ വെറുപ്പ് കൊണ്ട് ജയിക്കാനാവില്ല.
ഇന്ത്യയിലെ ജനങ്ങൾ വെറുപ്പിൽ വിശ്വസിക്കുന്നവരല്ല. പരസ്പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിനു പിന്നിൽ. അവർക്ക് ഭരണ സംവിധാനത്തിൽ സ്വാധീനം ഉണ്ട്. അവർക്ക് പണം ലഭിക്കുന്നു. മാധ്യമങ്ങളിൽ നിയന്ത്രണമുണ്ട്. ഭാരത് ജോഡോയിൽ താൻ കണ്ട ആളുകളിൽ ഭൂരിഭാഗവും സ്നേഹിക്കുന്നവരാണ്. യഥാർത്ഥത്തിൽ സംഭവിക്കുന്നതല്ല മാധ്യമങ്ങൾ ഇന്ത്യയിൽ നൽകുന്നത്. മാധ്യമങ്ങളിൽ കാണുന്നത് സത്യമാണെന്ന് കരുതരുതെന്നും രാഹുൽഗാന്ധി പറഞ്ഞു.