പട്ന: ബിഹാറിലെ സമസ്തിപൂരിൽ റെയിൽവേ ലൈൻ മോഷണം പോയതായി റിപ്പോർട്ട്. ഏകദേശം 2 കിലോമീറ്റർ നീളമുള്ള ട്രാക്കാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർപിഎഫ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. 2023 ജനുവരി 24 നാണ് മോഷണ വിവരം പുറത്തുവന്നത്.
സംഭവത്തിൽ സമസ്തിപൂർ റെയിൽവേ ഡിവിഷന് പങ്കുള്ളതായാണ് അഭ്യൂഹം. ഇവിടെ ലോഹത്ത് പഞ്ചസാര മിൽ എന്ന സ്ഥാപനം കുറച്ചുകാലമായി അടഞ്ഞുകിടക്കുകയായിരുന്നു. ഈ മില്ലിൽ, ചരക്ക് ഗതാഗതത്തിനായി നേരത്തെ ഒരു റെയിൽവേ ലൈൻ നിർമ്മിച്ചിരുന്നു. ഈ വഴിയാണ് മില്ലിനെ പാണ്ഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരുന്നത്. മിൽ അടച്ചുപൂട്ടിയതോടെ ഈ റെയിൽപാതയും അടച്ചു. മിൽ പൂട്ടിയ ശേഷം ഇവിടുത്തെ സാധനങ്ങൾ ആക്രിവിലയ്ക്ക് ലേലത്തിന് വെക്കാനായിരുന്നു തീരുമാനം. ഇതിലുൾപ്പെട്ടതാണ് കാണാതെ പോയ ഒരു റെയിൽവേ ലൈൻ. ചില റെയിൽവേ ജീവനക്കാരുടെയും ഒത്താശയോടെ ടെൻഡർ കൂടാതെ ഏകദേശം 2 കിലോമീറ്റർ നീളമുള്ള റെയിൽപാത വിറ്റതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നെന്ന് പറയപ്പെടുന്നു. എന്നാൽ, മോഷണം പോയ ട്രാക്കുകളുടെ നീളം അര കിലോമീറ്റർ മാത്രമാണെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നു എന്നത് സത്യമാണെന്ന് സ്ഥിരീകരിച്ചത്. ദർഭംഗയിലെ ആർപിഎഫ് പോസ്റ്റിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. ലേലം വിളിക്കാതെ ചില ബിസിനസുകാർക്ക് റെയിൽവേ ലൈൻ വിറ്റതിന് രണ്ട് ജീവനക്കാർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്ത് നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.