ന്യൂഡൽഹി: ദേശീയ അതിവേഗ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സതീഷ് അഗ്നിഹോത്രിയെ റെയിൽവേ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സർക്കാറിന്റെ അഭിമാനമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചുമതലക്കാരനാണ് അദ്ദേഹം. ബുള്ളറ്റ് ട്രെയിനിന്റെ ചുമതല മൂന്ന് മാസത്തേക്ക് ദേശീയ അതിവേഗ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രൊജക്ട് ഡയറക്ടർ രാജേന്ദ്ര പ്രസാദിന് കൈമാറി.
തന്റെ സ്ഥാനമാനങ്ങൾ ദുരുപയോഗം ചെയ്തതടക്കം അഗ്നിഹോത്രിക്കെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ കമ്പനിയിലേക്ക് ഫണ്ടുകൾ അനധികൃതമായി കൈമാറ്റം ചെയ്തതടക്കമുള്ള കുറ്റങ്ങൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ സി.എം.ഡി യായിരുന്ന ഒമ്പതു വർഷക്കാലയളവിൽ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് പ്രതിഫലം പറ്റിയുണ്ടാക്കിയ ഇടപാട് സി.ബി.ഐ അന്വേഷിക്കണമെന്ന് ജൂൺ രണ്ടിന് ലോക്പാൽ കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെ തുടർന്നാണ് അഗ്നിഹോത്രിയുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം അഗ്നിഹോത്രി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാനും 2022 ഡിസബർ 12 നു മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കാനും ലോക്പാൽ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.