തിരുവനന്തപുരം: കനത്ത മഴയിൽ വലയുകയായിരുന്നു ജൂലൈ മാസത്തിലെ പല ദിവസങ്ങളിലും കേരളം. തെക്കൻ കേരളത്തിൽ വലിയ ഭീഷണിയുയർത്തിയില്ലെങ്കിലും വടക്കും മധ്യകേരളത്തിലും മഴക്കെടുതിയിൽ ജനം വലഞ്ഞു. എന്നാൽ ജൂലൈ മാസം അവസാനിക്കുമ്പോൾ കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമാകുന്നു എന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റ് മാസത്തിലെ ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ സൂചനയും അത് തന്നെയാണ് വ്യക്തമാക്കുന്നത്.ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഓഗസ്റ്റ് മൂന്നാം തിയതിവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെന്നത് ആശ്വാസമാണ്. ഇതൊടൊപ്പം തന്നെ മത്സ്യ തൊഴിലാളികൾക്കും ആശ്വാസമാകുന്ന അറിയിപ്പാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ഉണ്ടായിരിക്കുന്നത്. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.