തിരുവനന്തപുരം> വരുന്ന അഞ്ച് ദിവസങ്ങളിലെ മഴസാധ്യതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു: മൂന്നിന് ഇടുക്കി ജില്ലയിലും 3, 4 ദിവസങ്ങളില്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
02112023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
03112023 : കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
04112023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
05112023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍
06112023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5mm മുതല്‍ 115.5 ാാ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും(Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്.
ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാര്‍ഗരേഖ ‘ഓറഞ്ച് ബുക്ക് 2023’ ലൂടെ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാര്‍ഗരേഖയ്ക്ക് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധപ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. ഓറഞ്ച് ബുക്ക് 2023 https://sdma.kerala.gov.in/wp-content/uploads/2023/06/Orange-Book-of-Disaster-Management-2023-2.pdf ഈ ലിങ്കില്‍ കാണാവുന്നതാണ്.
നിലവിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2023 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് (Vulnerable Group) എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.
*താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
*അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ആയതിനാല്‍ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തില്‍ അലര്‍ട്ട് ആക്കി നിര്‍ത്തേണ്ടതാണ്.
*മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദേശം നല്‍കുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കില്‍ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയില്‍ (മുകളില്‍ സൂചിപ്പിച്ച വള്‍നറബിള്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍, ഡാം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
*നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്. അവ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിനായി ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി നടപ്പിലാക്കണം.
*ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം.
*KSEB യുടെ കണ്‍ട്രോള്‍ റൂമുകള്‍ മണിക്കൂറും ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ മുറിച്ച മാറ്റാന്‍ നടപടി സ്വീകരിക്കണം. ലൈന്‍ കമ്പികള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍ എന്നിവ തകര്‍ന്ന് വീണ് അപകടങ്ങള്‍ സംഭവിക്കുന്നില്ല എന്നുറപ്പാക്കണം. താഴ്ന്ന പ്രദേശങ്ങളിലുള്ള KSEB യുടെ സബ്‌സ്‌റ്റേഷനുകളിലും മറ്റും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള നടപടി സ്വീകരിക്കണം.
*ആശുപത്രികളില്‍ വൈദ്യുതി വിതരണം തടസപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
*ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയാറെടുപ്പുകള്‍ നടത്താനും KSEB, ഇറിഗേഷന്‍, KwA വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.
*മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ് എല്ലാ മല്‍സ്യബന്ധന ഗ്രാമങ്ങളിലും മൈക്ക് അനൗണ്‍സ്‌മെന്റ് വഴി ഫിഷറീസ് വകുപ്പ് അറിയിക്കേണ്ടതാണ്. കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളില്‍ അപകടാവസ്ഥയിലുള്ള കുടുംബങ്ങളെ സുരക്ഷിതമായി മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കണം. റവന്യൂതദ്ദേശ സ്ഥാപന വകുപ്പുകളുമായി ചേര്‍ന്ന് ക്യാമ്പുകള്‍ സജ്ജമാക്കണം. മല്‍സ്യബന്ധന ഉപാധികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം.
*കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റങ്ങള്‍ വരുന്നതാണ്. അവ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.