തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. ഇതേ തുടർന്ന് ഇതിനോടകം ജലം പുറത്തേക്ക് ഒഴുക്കിവിടുന്ന പല ഡാമുകളിലും ഷട്ടറുകൾ കൂടുതൽ ഉയർത്തി. പുതുതായി ചില ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനും തീരുമാനിച്ചു.
പാംബ്ല ഡാം
പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുകയാണ്. ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് – 253 മീറ്ററാണ്. ഡാമിലെ പരമാവധി ജലനിരപ്പും 253 മീറ്ററാണ്. ജൂലൈ 14 മുതൽ മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ടായിരുന്നു.
ഇന്നല മുതൽ ചെറുതോണി ഡാമിൽ നിന്നുളള ജലം തുറന്നു വിടുന്ന സാഹചര്യത്തിലും, കല്ലാർകുട്ടി ഡാമിൽ നിന്നും തുടർച്ചയായി അധിക ജലം ഒഴുക്കി വിടുന്നതിനാലും പാംബ്ല അണക്കെട്ടുകൾ കൂടുതൽ തുറക്കും. ഇന്ന് വൈകിട്ട് 5.00 മണി മുതൽ മുൻകരുതൽ എന്ന നിലയിലാകും പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തുക. പരമാവധി 1500 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
മുല്ലപ്പെരിയർ
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ( V1,V2, V3, V4, V5, V6,V7,V8, V9 &V10) കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് വർധിപ്പിച്ചു. 10 ഷട്ടറുകളും ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ അധികമായി .90 മീറ്റർ വീതം ഉയർത്തും. ആകെ 7130.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ, സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മലമ്പുഴ
പാലക്കാട് മലമ്പുഴ ഡാം ഷട്ടറുകൾ വൈകീട്ട് 5 മണിയോടെ കൂടുതൽ ഉയർത്തും. ഇപ്പോൾ 40 സെന്റിമീറ്ററാണ് ഉയർത്തിയത്. ഇതിൽ നിന്ന് 55 സെ.മി ആക്കി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിരിക്കുന്നത്. നാലു ഷട്ടറുകൾ 40 സെന്റീമീറ്ററാക്കി ഉയർത്തിയതോടെ തന്നെ മുക്കൈ പാലം മുങ്ങിയിരുന്നു. മുക്കൈ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
കാഞ്ഞിരപ്പുഴ
മഴ ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ 80 സെൻറീമീറ്ററിൽ നിന്ന് ഒരു മീറ്ററായി ഉയർത്തിയതായി എക്സിക്യൂട്ടീവ്
എൻജിനീയർ അറിയിച്ചു.
ശിരുവാണി
ശിരുവാണി ഡാം റിവ൪ സ്ലൂയിസ് ഷട്ട൪ 1.70 മീറ്ററാക്കി ഉയർത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
പമ്പ
പത്തനംതിട്ട പമ്പ അണക്കെട്ട് തുറന്നു. രണ്ട് ഷട്ടറുകൾ പരമാവധി 60 സെന്റീമീറ്റർ വരെ ഉയർത്തി. പമ്പാനദിയിൽ 10 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയർന്നേക്കും.
മാട്ടുപ്പെട്ടി
മാട്ടുപ്പെട്ടി ഡാം തുറന്ന് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 70 സെന്റി മീറ്റർ വീതം തുറന്ന് പരമാവധി 112 ക്യുമക്സ് വരെ ജലം പുറത്തേക്കൊഴുക്കുകയാണ്. മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുള്ളവർക്ക് അതീവ ജാഗ്രതാ പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ബാണാസുര ഡാം
ബാണാസുര ഡാമിൽ നീരൊഴുക്ക് കൂടി. ജലനിരപ്പ് ഉയർന്ന് 774.35 മീറ്റററിൽ എത്തി. ഡാമിന്റെ ഒരു ഷട്ടർ കൂടി 10 സെന്റിമീറ്റർ ഉയർത്തി. രാവിലെ 8.10 ന് ഒരു ഷട്ടർ 10 സെന്റി മീറ്റർ ഉയർത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഈ ഷട്ടർ 20 സെന്റീമീറ്ററാക്കി ഉയർത്തിയിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങളാൽ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം എന്ന രീതിയിൽ ഉയർത്താൻ തീരുമാനിക്കുകയായിരുന്നു.